2010, നവംബർ 25, വ്യാഴാഴ്‌ച

കണ്ണൂർ വ്ശേഷങ്ങൾ


കവിതകള്‍ പൂക്കുന്ന മരം 'പോയട്രീ'

Posted on: 23 Mar 2012


കണ്ണൂര്‍: മരങ്ങള്‍ തണല്‍വിരിച്ച കൃഷ്ണമേനോന്‍ കോളേജിലെ മാവ് ഇനിമുതല്‍ കവിതകള്‍ക്കൊപ്പം ഒരുപിടി മഞ്ചാടിക്കുരുവുമായി എല്ലാ തിങ്കളാഴ്ചയും പൂക്കും. കവിതകള്‍ പൂക്കുന്ന ഈ മരത്തിന് വിദ്യാര്‍ഥികള്‍ ഒരു പേരിട്ടു- 'പോയട്രീ'! പേരിടല്‍ ചടങ്ങില്‍ കാമ്പസില്‍നിന്ന് പെറുക്കിയെടുത്ത അപ്പൂപ്പന്‍താടിയും മഞ്ചാടിക്കുരുവും വിതറി വിദ്യാര്‍ഥികള്‍ ഈ മരത്തിന് ആശംസയേകി.
കൃഷ്ണമേനോന്‍ സ്മാരക വനിതാ കോളേജിലെ ജേര്‍ണലിസം, ഇംഗ്ലീഷ് വകുപ്പുകള്‍ നടത്തുന്ന മീഡിയാ ക്ലബ്ബിന്റെ ആശയമാണ് 'പോയട്രീ'. ഇന്ത്യയിലെ വിവിധ യൂണിവേഴ്‌സിറ്റികളിലെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും മറ്റു പ്രമുഖരുടെയും രചനകള്‍ ഈ മരത്തില്‍ ഇനി പൂത്തുനില്‍ക്കും. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ഇതിനെക്കുറിച്ചറിഞ്ഞ നിരവധി വിദ്യാര്‍ഥികളും ചില പ്രമുഖരും അവരുടെ രചനകള്‍ അയച്ചു. കവിതകള്‍ക്കു പുറമെ കഥകള്‍, കുറിപ്പുകള്‍ എന്നിവയും ഇക്കൂട്ടത്തിലുണ്ട്. ഇവ ഒരുപിടി മഞ്ചാടിക്കൊപ്പം കാമ്പസ് മുറ്റത്തെ മാവില്‍ നൂല്‍കെട്ടി തൂക്കിയിടും. ഓരോ തിങ്കളാഴ്ചയും വീണ്ടും ഒത്തുചേര്‍ന്ന് ഇവ മാറ്റി പുതിയ കവിതകള്‍ തൂക്കിയിടും. പഴയ കവിതകള്‍ സൂക്ഷിച്ചുവെച്ച് ഓരോ വര്‍ഷവും പുസ്തകമിറക്കാനാണ് പദ്ധതി.
ജെ.എന്‍.യു., സെന്റ് സ്റ്റീഫന്‍ കോളേജ് ന്യൂഡല്‍ഹി, ശാന്തിനികേതന്‍ കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നും കേരളത്തിലെ എല്ലാ യൂണിവേഴ്‌സിറ്റികളില്‍നിന്നുമായി 70ഓളം കവിതകള്‍ ഇപ്പോള്‍ ഈ മരത്തിലുണ്ട്. എം.മുകുന്ദന്‍, സുഭാഷ്ചന്ദ്രന്‍, പി.കെ.പാറക്കടവ് തുടങ്ങിയ പ്രമുഖരുടെ രചനകളും ഇക്കൂട്ടത്തിലുണ്ട്. കൃഷ്ണമേനോന്‍ കോളേജിലെ വിദ്യാര്‍ഥികളുടേതായി 20ഓളം കവിതകളുമുണ്ട്. മൂന്ന് ഭാഷകളിലായുള്ള രചനകളാണുള്ളത്.
വ്യാഴാഴ്ച വൈകീട്ട് മൂന്നിന് കോളേജ് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ കവി വീരാന്‍കുട്ടി 'പോയട്രീ'യുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മറ്റ് കാമ്പസുകളില്‍നിന്ന് വ്യത്യസ്തമായി കവിതകളെ സ്‌നേഹിക്കാന്‍ ഇത്തരമൊരു ആശയം പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന കോളേജില്‍നിന്നു തുടങ്ങിയത് മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. 'എഴുതൂ, മരങ്ങളെ രക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി, ഈ കടലാസില്‍ത്തന്നെയെഴുതൂ, അറക്കവാള്‍വെച്ചു വീഴ്ത്തി, ഇടിച്ചുപരത്തി, മിനുസപ്പെടുത്തിയ ഇതേ വെള്ളത്താള്ളില്‍ത്തന്നെ' എന്ന കവിതയെഴുതി വീരാന്‍കുട്ടിയും മരത്തില്‍ തൂക്കി. വിദ്യാര്‍ഥികള്‍ക്കായി കവിതകള്‍ അവതരിപ്പിക്കുകയും ചെയ്തു.
കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.വി.സുരേന്ദ്രന്‍ അധ്യക്ഷനായി. ഡോ. കെ.എസ്.ദീപ, മനോജ്കുമാര്‍, എം.കെ.അഫ്‌റ, ഡോ. പി.എം.ഇസ്മയില്‍, ജോണി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. ഡോ. ഇ.വി.ഫാത്തിമ സ്വാഗതവും വി.എച്ച്.നിഷാന്ത് നന്ദിയും പറഞ്ഞു. ചടങ്ങില്‍ ജേര്‍ണലിസം വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ 'നാടന്‍കഥപ്പത്തായം' എന്ന മാഗസിന്റെ പ്രകാശനം വീരാന്‍കുട്ടി മനോജ്കുമാറിന് നല്‍കി നിര്‍വഹിച്ചു.




മാനവികതയുടെ ഹൃദയഭാഷ്യം തളിപ്പറമ്പ് ഫെസ്റ്റ് മാര്‍ച്ച് അഞ്ചുമുതല്‍ ഏപ്രില്‍ ഒന്നുവരെ
Posted on: 10 Feb 2012


തളിപ്പറമ്പ്: 'മാനവികതയുടെ ഹൃദയഭാഷ്യം' എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് നഗരസഭയില്‍ മാര്‍ച്ച് അഞ്ചുമുതല്‍ ഏപ്രില്‍ ഒന്നുവരെ തളിപ്പറമ്പ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. വിജ്ഞാന-വിനോദ-വിപണന-കലാ-സാംസ്‌കാരിക മേളകളാണ് ഫെസ്റ്റിലുണ്ടാകുക.

മാര്‍ച്ച് അഞ്ചിന് ചിറവക്കില്‍നിന്ന് ആരംഭിക്കുന്ന ഘോഷയാത്രയോടെയായിരിക്കും തുടക്കം. വിവിധ കലാരൂപങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍, പഞ്ചവാദ്യം, ബാന്‍ഡ് മേളം, തുടങ്ങിവയുടെ അകമ്പടിയില്‍ മൂവ്വായിരത്തോളം പേരെ ഘോഷയാത്രയില്‍ പങ്കെടുപ്പിക്കും. വൈകുന്നേരം 7 മണിക്ക് കലാസാംസ്‌കാരിക പരിപാടികളോടെ ഫെസ്റ്റിന്റെ ഉദ്ഘാടനം നടക്കും. 7ന് നടക്കുന്ന കലാസന്ധ്യയില്‍ സിനിമാനടന്‍ ജഗതിശ്രീകുമാര്‍ പങ്കെടുക്കും. 10ന് സാംസ്‌കാരിക സമ്മേളനം മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യും. കെ.ഇ.എന്‍., എം.മുകുന്ദന്‍, കരിവെള്ളൂര്‍ മുരളി തുടങ്ങിയവര്‍ പങ്കെടുക്കും. 13ന് മത സൗഹാര്‍ദ സമ്മേളനം അബ്ദുള്‍ സമദ് സമദാനി എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. 16ന് വിവിധ കലാപരിപാടികള്‍ അരങ്ങേറും. 21ന് യുവജന സമ്മേളനം എം.ബി.രാജേഷ് എം.പി. ഉദ്ഘാടനം ചെയ്യും. കെ.എം.ഷാജി എം.എല്‍.എ., സതീശന്‍ പാച്ചേനി, എം.ടി.രമേഷ് തുടങ്ങിയവര്‍ പങ്കെടുക്കും. 25ന് വനിതാ സമ്മേളനം മുന്‍ മന്ത്രി പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്യും. 27ന് കവിയരങ്ങ്, 30ന് നഗരസഭയിലെ കലാകാരന്മാരെ ആദരിക്കല്‍ എന്നിവ സംഘടിപ്പിക്കും.

75 വില്പന സ്റ്റാളുകള്‍ ഫെസ്റ്റിലുണ്ടാകും. അമ്യൂസ്‌മെന്റ് പാര്‍ക്ക്, വൈജ്ഞാനിക പവലിയനുകള്‍ എന്നിവയും ഒരുക്കും. നാടകം, മാര്‍ഗംകളി, നാടന്‍ കലാമേള, ഗാനമേള, മാജിക്‌ഷോ, ഒപ്പന, തിരുവാതിര, ദഫ്, നാടന്‍പാട്ട്, ഒറ്റയാള്‍ നാടകം, മിമിക്‌സ്​പരേഡ്, ആദിവാസിമേള, സര്‍ഗസദസ്സ് എന്നിങ്ങനെയുള്ള കലാപരിപാടികളാണ് വിവിധ ദിവസങ്ങളിലുണ്ടാകുക. പാചകമേളയും സംഘടിപ്പിക്കും.

തളിപ്പറമ്പില്‍ ആദ്യമായി ഒരുക്കുന്ന ഫെസ്റ്റ്ദിവസങ്ങളില്‍ നഗരം ദീപാലംകൃതമാകുമെന്നും സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.



Posted on: 09 Jan 2011
കണ്ണൂര്‍: ബര്‍ണശ്ശേരി പള്ളിയില്‍ നിന്ന് മംഗളഗാനമുയര്‍ന്നപ്പോള്‍ വരന്‍ ഡിക്‌സണ്‍ തോമസ് അത് ഏറ്റുപാടി ജൂലിയാന സിപ്പ ഡിക്‌സന്റെ മുഖത്തേക്ക് നോക്കി കൂടെപാടാന്‍ ഒരു ശ്രമം നടത്തി. പിന്നെ പതുക്കെ ചിരിച്ച് പിന്മാറി. ഗാനത്തിന്റെ ഭാഷ മാത്രമല്ല, ഈ രാജ്യംതന്നെ ജൂലിയാനയ്ക്ക് പുതിയതാണ്. അല്‍ബേനിയയില്‍നിന്നാണ് ജൂലിയാന ചെറുപുഴ പാടിയോട്ടു ചാലിലെ ഡിക്‌സന്റെ വധുവാകാന്‍ ഇന്ത്യയിലെത്തിയത്. ജൂലിയാനമാത്രമല്ല മാതാപിതാക്കളായ നെസ്റ്റര്‍ സിപ്പയും റെയ്‌മോണ്ട് സിപ്പയും അടക്കം 62 അല്‍ബേനിയക്കാരാണ് വിവാഹബന്ധത്തിന് സാക്ഷികളാവാന്‍ ശനിയാഴ്ച ബര്‍ണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ എത്തിയത്.

28 കാരനായ ഡിക്‌സന്‍ ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറിങ് ബിരുദാനന്തരബിരുദത്തിന് ചേര്‍ന്നപ്പോഴാണ് സഹപാഠിയായ ജൂലിയാനയെ പരിചയപ്പെടുന്നത്. രണ്ടു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഡിക്‌സന്‍ജൂലിയാനയെന്ന 26 കാരിയെ മിന്നുകെട്ടി ജീവിതസഖിയാക്കിയത്. ഇരുവരും ലണ്ടനിലെ വ്യത്യസ്ത കമ്പനികളില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍മാരാണ്. കേരളത്തെക്കുറിച്ച് ചോദിച്ചാല്‍ ജൂലിയയ്ക്ക് നല്ല വാക്കുകള്‍മാത്രം. ഒരാഴ്ചമുമ്പ് ഡിക്‌സനൊപ്പം ഇവിടെ എത്തിയതിനാല്‍ കണ്ണൂരും തലശ്ശേരിയുമെല്ലാം ചുറ്റിക്കണ്ടു. 'അതിമനോഹരമാണ് ഈ നാട്. കേരളത്തിന്റെ മരുമകളാവാന്‍ ആയതില്‍ സന്തോഷംമാത്രം' -ജൂലിയാന പറഞ്ഞു. വധുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം 62 പേര്‍ ഇവരുടെ വിവാഹം കൂടാന്‍ എത്തിയിരുന്നു. എന്നാല്‍ വിവാഹംകഴിഞ്ഞ് വെറുതെ തിരിച്ച് പോകാനൊന്നും ഇവരില്ല. ഏതായാലും ഇവിടെവരെയെത്തി ഇനി മൂന്നാഴ്ചകൊണ്ട് കഴിയുന്നത്ര കേരളത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കാന്‍ യാത്രതിരിക്കാനാണ് ഇവരുടെപരിപാടി.

അല്‍ബേനിയയില്‍ നടന്ന ഇവരുടെ വിവാഹനിശ്ചയം അവിടത്തെ മാധ്യമങ്ങളില്‍ അന്ന് വലിയ വാര്‍ത്തയായിരുന്നു. ജൂലിയാനയുടെ പിതാവ് നെസ്റ്റര്‍ സിപ്പ എന്‍ജിനിയറാണ്. മാതാവ് റെയ്‌മോണ്ട് അധ്യാപികയും. ഒരു സഹോദരനുണ്ട്. പാടിയോട്ട്ചാല്‍ മുട്ടത്തുപാറ വീട്ടില്‍ എം.എ.തോമസ്സിന്റെയും ത്രേസ്യാമ്മയുടെയും ഇളയമകനാണ് ഡിക്‌സന്‍. സഹോദരി ഡയാന. ഫാ. സെബാസ്റ്റ്യന്‍ മുട്ടത്തുപാറ വിവാഹത്തിന് കാര്‍മികത്വം വഹിച്ചു. വിവാഹത്തിന് ശേഷമുള്ള അവധികഴിഞ്ഞ് വരനും വധുവും ലണ്ടനിലേക്ക് മടങ്ങും.

രാജീവന്‍ കാവുമ്പായി അവാര്‍ഡ് പി.ജയകൃഷ്ണന്
Posted on: 09 Jan 2011
കണ്ണൂര്‍: രാജീവന്‍ കാവുമ്പായി സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡിന് ദീപിക ലേഖകന്‍ പി.ജയകൃഷ്ണനെ തിരഞ്ഞെടുത്തു. അനധികൃത ക്വാറികളെക്കുറിച്ച് പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടാണ് അവാര്‍ഡിന് അര്‍ഹമായത്. കണ്ണൂര്‍ പ്രസ്സ് ക്ലബ്ബും ദേശാഭിമാനി എംപ്ലോയീസ് വെല്‍ഫെയര്‍ അസോസിയേഷനും ചേര്‍ന്ന് ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. 5,000രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങിയ അവാര്‍ഡ് ജനവരി അവസാനം കണ്ണൂര്‍ പ്രസ്സ് ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് ദിനകരന്‍ കൊമ്പിലാത്ത്, സെക്രട്ടറി ഒ.സി.മോഹന്‍രാജ്, ജോയിന്റ് സെക്രട്ടറി കെ.എന്‍.ബാബു എന്നിവര്‍ അറിയിച്ചു.

കണ്ണൂരിന്‌ ചിറക് മുളക്കുന്നു!.....

മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍  കണ്ണൂര്‍ വിമാനത്താവളത്തിന്റെ ശിലാസ്ഥാപനം നടത്തി





വീട്ടുപറമ്പില്‍ പറക്കും ഓന്ത്
Posted on: 16 Dec 2010


തളിപ്പറമ്പ്: കുറുമാത്തൂര്‍ ചിന്മയമിഷന്‍ സ്‌കൂളിന് സമീപം വീട്ടുപറമ്പില്‍ കണ്ട പറക്കും ഓന്ത് കൗതുകമായി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഏറെ പേര്‍ ഇതിനെ കാണാനെത്തി. അപൂര്‍വമായി മാത്രം കാണാറുള്ള ഡ്രാക്കോ എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ഓന്ത്‌വര്‍ഗത്തില്‍പ്പെട്ട ജീവിയാണിത്. പുറം ഭാഗം കറുപ്പും വെള്ളയും കലര്‍ന്ന പുള്ളിയോടെയുള്ള ഓന്തിന്റെ വശങ്ങളില്‍ ചിറകുകളുണ്ട്. ശരീരത്തില്‍ ഒതുക്കിവെച്ച നിലയിലാണ് ചിറക്. ചെടികളിലേക്കും മരങ്ങളിലേക്കും മാറിമാറി പറക്കുകയാണ് ചെയ്യാറ്.


ചിറകിന്റെ അടിഭാഗം മഞ്ഞയും കറുപ്പും ചുവപ്പുമൊക്കെ കലര്‍ന്ന വര്‍ണ്ണഭംഗിയുള്ളതാണ്. പറക്കും ഓന്തിനെ നാട്ടുകാര്‍ പറമ്പില്‍ തന്നെ വിട്ടു.
സഹ്യാദ്രിപോലുള്ള കൊടും കാടുകളില്‍ കണ്ടുവരുന്ന ഒരു വിഭാഗമാണിതെന്ന് സര്‍ സയ്യിദ് കോളേജ് സുവോളജി വിഭാഗം അധ്യാപകരായ ജുനൈദും സൈനുദ്ദീനും പറഞ്ഞു. വംശനാശം നേരിടുന്ന ഇത്തരം ജീവികള്‍ വനനശീകരണം മൂലമാണ് കാടിറങ്ങുന്നതെന്നും അധ്യാപകര്‍ സൂചിപ്പിച്ചു..



രാജീവന്‍ കാവുമ്പായി പത്രപ്രവര്‍ത്തക അവാര്‍ഡ്
Posted on: 27 Nov 2010


കണ്ണൂര്‍:രാജീവന്‍ കാവുമ്പായി സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍ പ്രസ് ക്ലബ്ബും ദേശാഭിമാനി എംപ്ലോയീസ് വെല്‍ഫെയര്‍ അസോസിയേഷനും ചേര്‍ന്ന് നല്‍കുന്ന അവാര്‍ഡ് ഇത്തവണ മികച്ച എക്‌സ്‌ക്ലൂസീവ് വാര്‍ത്തയ്ക്കാണ്. 5001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണിത്. 2010 ജനവരി ഒന്നിനും നവംബര്‍ 25നുമിടയില്‍ പ്രസിദ്ധീകരിച്ചവയാണ് പരിഗണിക്കുക. വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഒറിജിനലും രണ്ടു കോപ്പിയും ലേഖകന്റെ ബയോഡാറ്റ സഹിതം ഡിസംബര്‍ 15ന് മുമ്പ് അയയ്ക്കണം. വിലാസം: സെക്രട്ടറി, പ്രസ്‌ക്ലബ്ബ്, പ്രസ്‌ക്ലബ്ബ് റോഡ്, കണ്ണൂര്‍-


കണ്ണവം കാട്ടില്‍ ചരിത്രം തേടി വിദ്യാര്‍ഥികള്‍
Posted on: 27 Nov 2010


മാലൂര്‍: പോര്‍വീര്യമുണര്‍ന്ന കണ്ണവം കാട്ടില്‍ ചരിത്രത്തിന്റെ ഏടുകള്‍ തേടി വിദ്യാര്‍ഥികളെത്തി.

കൂത്തുപറമ്പ് അമൃത വിദ്യാലയത്തിലെ വിദ്യാര്‍ഥികളാണ് ഒരാഴ്ചയായി നടന്നുവരുന്ന റസിഡന്‍ഷ്യല്‍ ക്യാമ്പിന്റെ ഭാഗമായി കണ്ണവം വനം സന്ദര്‍ശിച്ചത്.

കണ്ണവം കാട്ടിലെ ചരിത്രാതീത കാലത്തെ കാടോത്ത് ഭഗവതിക്ഷേത്രം, തലയ്ക്കല്‍ ചന്തുവിന്റെ പിന്‍മുറക്കാര്‍ താമസിക്കുന്ന പെരുവ, തൊടീക്കളം ശിവക്ഷേത്രം എന്നിവിടങ്ങളിലാണ് പഠന സംഘം സന്ദര്‍ശിച്ചത്


മതനിരപേക്ഷ പാഠശാല ഇന്ന്
Posted on: 27 Nov 2010


ശ്രീകണ്ഠപുരം: പുരോഗമന കലാസാഹിത്യസംഘം ഏരിയാ കമ്മിറ്റി സംഘടിപ്പിക്കുന്ന മതനിരപേക്ഷ പാഠശാല 27ന് രണ്ടുമണിക്ക് ശ്രീകണ്ഠപുരം ബസ്സ്റ്റാന്‍ഡ് പരിസരത്തെ ലുലു കോംപ്ലക്‌സില്‍ നടക്കും. എം.എന്‍.കാരശ്ശേരി, ഡോ.പി.ജെ.വിന്‍സെന്റ്, പി.വി.ഗോപിനാഥ് എന്നിവര്‍ പ്രഭാഷണം നടത്തുമെന്ന് ഏരിയ സെക്രട്ടറി പി.പുഷ്പജന്‍ അറിയിച്ചു.


ചോരയില്‍ കുതിര്‍ന്ന നവംബര്‍; മരണം 15
Posted on: 27 Nov 2010



കണ്ണൂര്‍: അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും തകര്‍ന്ന റോഡുകളും കാരണം നവംബറിന്റെ അവസാനം മാത്രം റോഡില്‍ കുരുതി കൊടുക്കേണ്ടി വന്നവര്‍ 12 പേര്‍. നാലുവയസ്സുകാരി മുതല്‍ പ്രായം ചെന്നവര്‍ വരെ . ദേശീയപാതയ്ക്ക് പുറമെ സംസ്ഥാന പാതകളിലെ വളവുകളിലും കുഴികളിലും വിണാണ് അപകടം ഉണ്ടാവുന്നത്. ഒരാഴ്ചയ്ക്കിടെ മട്ടന്നൂര്‍ ദുരന്ത ഭൂമിയായി മാറി. നവംബര്‍ 24 ന് നഗരം ഉണര്‍ന്നത് തുടര്‍ വാഹനാപകടത്തിന്റെ വാര്‍ത്ത കേട്ടാണ്. പഴശ്ശിയില്‍ വാനും ബസ്സും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. തലേന്ന് നടന്ന വന്‍ വാഹനാപകടത്തിന്റെ ദുരന്തത്തില്‍ നിന്നുണരുന്നതിന് മുമ്പാണ് ഇത്. മട്ടന്നൂര്‍ കളറോഡിലുണ്ടായ ആ അപകടത്തില്‍ മുന്നു പേരാണ് മരിച്ചത്. അമിത വേഗത്തിലായ രണ്ട് ബസ്സുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. ഈ അപകടത്തില്‍ 80ഓളം പേര്‍ക്ക് പരിക്കേറ്റു.

നവംബര്‍ 15ന് പുലര്‍ച്ചെ കതിരൂരിന് സമീപം ടാങ്കര്‍ ലോറിയും സ്‌കോര്‍പ്പിയോ കാറും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. പുലര്‍ച്ചെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. നവംബര്‍ 20 ന് തലശ്ശേരി നാരങ്ങാപ്പുറം മേലൂട്ട് മേല്‍പ്പാലത്തിന് സമീപമുണ്ടായ ബൈക്കപകടത്തില്‍ രണ്ട് പ്ലസ്ടു വിദ്യാര്‍ഥികളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം കൂത്തുപറമ്പ് പാറാലിന് സമീപം എസ്‌കവേറ്റര്‍ കയറ്റിപ്പോവുകയായിരുന്ന ലോറി കുഴിയില്‍ത്താണ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. തളിപ്പറമ്പില്‍ ഏഴാംമൈല്‍ വടക്കാഞ്ചേരി റോഡില്‍ വാഹനമിടിച്ച് ഒരു വിമുക്തഭടന്‍ കൊല്ലപ്പെട്ടതും നവംബറില്‍ത്തന്നെ. കുറുമാത്തൂരില്‍ ബൈക്ക് യാത്രക്കാരനാണ് മരിച്ചത്. പഴയങ്ങാടിക്ക് സമീപം ബൈക്കില്‍ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. അലവിലില്‍ കഴിഞ്ഞദിവസം സ്‌കൂട്ടറില്‍ യാത്രചെയ്യുകയായിരുന്ന സ്ത്രീ ബസ് തട്ടി മരിച്ചു. രോഷാകുലരായ നാട്ടുകാര്‍ ബസ് അടിച്ചു തകര്‍ത്തു. കണ്ണൂര്‍ താണ സ്ഥിരം അപകടകേന്ദ്രമായി മാറിയതും അടുത്തകാലത്ത് തന്നെ.

റോഡപകടങ്ങള്‍ നിരവധി പേരുടെ ജീവനെടുക്കുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഇല്ലാത്ത സ്ഥിതിയാണ്. അമിത വേഗത്തിന്റെ പേരില്‍ ട്രാഫിക് അധികൃതര്‍ക്ക് കാര്യമായി യാതൊന്നും ചെയ്യാന്‍ കഴിയുന്നില്ല. പ്രധാന ജങ്ഷനിലെ ഗതാഗതക്കുരുക്ക് കാരണം പല സ്ഥലത്ത് കാത്തുകെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ പിന്നീട് സമയം ഒപ്പിക്കാന്‍ മരണപ്പാച്ചിലാണ്. അപകട മേഖലയില്‍ വേണ്ടത്ര സുരക്ഷാസൗകര്യങ്ങള്‍ ഇല്ല. താണ പോലുള്ള സ്ഥലങ്ങളില്‍ അപകടങ്ങള്‍ ഉണ്ടാവുമ്പോള്‍ കുറച്ചു ദിവസം അധികൃതരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും നടപടിയുണ്ടാകും. പിന്നീട് പഴയ സ്ഥിതി തന്നെ.

കാലം തെറ്റിപ്പെയ്യുന്ന മഴ കാരണം റോഡില്‍ പലസ്ഥലത്തും കുഴി കൂടിയിട്ടുണ്ട്. ഇരുചക്ര വാഹനക്കാര്‍ക്ക് അപകടം പറ്റുന്നത് പലപ്പോഴും ഈ കുഴിയില്‍ വീഴുന്നത് കൊണ്ടാണ്. സുരക്ഷയുടെ ഭാഗമായുള്ള ഹൈവേ ജാഗ്രതാസമിതി കടലാസിലാണ്. 18 വയസ്സില്‍ താഴെയുള്ളവര്‍ ലൈസന്‍സില്ലാതെ ഇരു ചക്രവാഹനം ഓടിക്കുന്നതും അപകടനിരക്ക് കൂട്ടുന്നു. വാര്‍ഷിക കണക്കെടുക്കുമ്പോള്‍ ഇരുചക്ര വാഹനക്കാരാണ് കൂടുതല്‍ അപകടത്തില്‍ പെടുന്നത്. ഇതില്‍ ഏറെപ്പേരും 30 വയസ്സില്‍ താഴെയുള്ളവരാണ്.


ഇവര്‍ സ്നേഹത്തിന്റെ ചേട്ടന്‍വാവ, അനിയന്‍വാവ...
Posted on: 25 Oct 2008

കണ്ണൂര്‍: അശാന്തമായ ജീവിതത്തിന്റെ നിസ്സഹായതയില്‍ പണ്ട് പത്തുവയസ്സുകാരനായ ഒരു പ്രശാന്തന്റെ ജീവിതത്തിലേക്ക് സ്നേഹത്തിന്റെ ഒരു കൈനീണ്ടു, മറ്റൊരു പ്രശാന്തന്‍േറത്. ആ ബന്ധം വലിയ സ്നേഹത്തിന്റെ ആല്‍മരംപോലെ പടര്‍ന്നു. ഒരു അനാഥനെ സനാഥനാക്കിയ കരുണയില്‍ ആ ബന്ധമിന്നും പഴയതിനേക്കാള്‍ സുദൃഢമായി തുടരുന്നു.

ചേട്ടനും അനിയനുമായി ജീവിക്കാന്‍ രക്തബന്ധമൊരു ഘടകമല്ലെന്നാണ് പതിനെട്ടു വര്‍ഷമായി ഒരുമിച്ചു കഴിയുന്ന തലശ്ശേരിയിലെ ആംബുലന്‍സ് ഡ്രൈവര്‍ പ്രശാന്തും ക്ലീനര്‍ പ്രശാന്തും ലോകത്തോട് വിളിച്ചുപറയുന്നത്. ഇരുവരും ഒരമ്മയുടെയും ഒരച്ഛന്റെയും മക്കളല്ല. പേരിനുപോലുമൊരു രക്തബന്ധമില്ല. എന്നിട്ടും ഇവര്‍ ചേട്ടനും അനിയനുമായി ഒരേ വീട്ടിലാണ് താമസം. ഒരേവണ്ടിയില്‍ ഒരുമിച്ച് ജോലിയും ചെയ്യുന്നു.

'ചേട്ടന്‍' പ്രശാന്തിന് ഇപ്പോള്‍ വയസ്സ് 37. പതിനെട്ടുവര്‍ഷം മുമ്പ് തലശ്ശേരിയിലെ തെരുവില്‍നിന്നാണ് അനാഥനായ മറ്റൊരു പ്രശാന്തിനെ ഈ ഏട്ടന്‍ കണ്ടെത്തുന്നത്. അവനന്ന് പത്തുവയസ്സ്. ദേഹമാസകലം വ്രണമൊലിക്കുന്ന നിലയില്‍ തലശ്ശേരി പഴയസ്റ്റാന്‍ഡ് പരിസരത്തായിരുന്നു ഈ അനാഥനെ കണ്ടെത്തിയത്. അവിടെത്തുടങ്ങുന്നൂ, അപൂര്‍വ്വമായൊരു സ്നേഹബന്ധത്തിന്റെ കഥ. ഒന്നുമാലോചിക്കാതെ അവനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. പിന്നീടിന്നുവരെ ഊണിലും ഉറക്കത്തിലും ഇവര്‍ ഒരുമിച്ചാണ്. അനിയനിപ്പോള്‍ കല്യാണപ്രായമായി. അവനുപറ്റിയൊരു പെണ്ണിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉത്തരവാദിത്വബോധമുള്ള 'ചേട്ടന്‍'.

തെരുവില്‍ പാട്ടപെറുക്കിനടന്നവരായിരുന്നു അനിയന്‍ പ്രശാന്തിന്റെകുടുംബം. നഗരങ്ങളില്‍നിന്ന് നഗരങ്ങളിലേക്ക് അവര്‍ കുടിയേറി. വടകര കോട്ടക്കലില്‍ താമസിക്കുമ്പോള്‍ അമ്മ കാന്‍സര്‍ പിടിപെട്ട് മരിച്ചു. പിന്നീട് അനിയത്തി പ്രശാന്തിക്കും പ്രശാന്തിനും കൂട്ട് അച്ഛനായിരുന്നു. അയാള്‍ പിന്നീടൊരു വിവാഹം കഴിച്ചു. അതിനിടെ മകളെ ആര്‍ക്കോ 500 രൂപയ്ക് വില്‍ക്കുകയും ചെയ്തു. പിന്നീട് അച്ഛനും മരിച്ചതോടെ പ്രശാന്ത് അനാഥനായി. വര്‍ഷങ്ങള്‍ക്ക് ശേഷമൊരു ഉത്സവകാലത്ത് റോയല്‍ സര്‍ക്കസ് തലശ്ശേരിയില്‍ വിരുന്നെത്തി. സര്‍ക്കസ് കണ്ടുവന്ന ആരോ പ്രശാന്തിയെന്ന കലാകാരിയെപ്പറ്റി പറഞ്ഞു. അന്വേഷിച്ചെത്തിയപ്പോള്‍ ചെറുപ്രായത്തില്‍ കൈവിട്ടുപോയ സഹോദരി. പിന്നീട് സുമനസ്സുകളുടെ സഹായത്തോടെ സഹോദരിക്കും കുടുംബത്തിനും പ്രശാന്ത് പട്ടുവത്തൊരു വീട് നിര്‍മ്മിച്ചുനല്‍കി. പക്ഷേ 'സ്വന്തം ചേട്ടനെ' വിട്ട് അവരുടെ കൂടെപ്പോവാനൊന്നും പ്രശാന്ത് തയ്യാറായില്ല. ജീവന്‍ തന്നയാളെ എങ്ങനെ വിട്ടുപോവാനാവുമെന്നാണ് അന്വേഷിച്ചവരോട് പ്രശാന്ത് ചോദിച്ചത്.

ചേട്ടന്‍ പ്രശാന്തിന്റെ വിവാഹത്തോടെ എരഞ്ഞോളിയിലെ ഇവരുടെ സ്നേഹത്തണലിലേക്ക് ഒരാള്‍കൂടിയെത്തി. അങ്ങനെ അനിയനിപ്പോള്‍ സ്നേഹിക്കാന്‍ ഷീനയെന്ന ചേച്ചിയെയും കിട്ടി. ചേച്ചിയും ചേട്ടനും കൂടി അനിയനുപറ്റിയ വധുവിനെ അന്വേഷിക്കുകയാണിപ്പോള്‍. 'മദ്യപാനമോ പുകവലിയോ ഇല്ലാത്ത ചെറുക്കന്‍' വിവാഹമാര്‍ക്കറ്റില്‍ ഹാജരാക്കാന്‍ തലശ്ശേരിയിലെ ടാക്‌സി ഡ്രൈവര്‍മാര്‍ പ്രശാന്തിന് നല്‍കുന്ന സര്‍ട്ടിഫിക്കറ്റാണിത്. 

ബ്രണ്ണന്‍ കോളേജിന് പൂര്‍വവിദ്യാര്‍ഥികളുടെ സമ്മാനമായി ബസ്
Posted on: 23 Nov 2010




ധര്‍മ്മടം: ബ്രണ്ണന്‍ കോളേജിലെ വിദ്യാര്‍ഥികള്‍ ഇനി ഏറെനേരം ബസ് കാത്തുനിന്ന് മുഷിയേണ്ടതില്ല.... വര്‍ഷങ്ങള്‍ക്കുമുമ്പ് കലാലയത്തിന്റെ പടികളിറങ്ങിയ 'സീനിയേഴ്‌സിന്റെ' സ്‌നേഹ സമ്മാനമായി ഒരു ബസ് കോളേജിലെത്തി. പൂര്‍വവിദ്യാര്‍ഥി സംഘടനയായ ബ്രത്ത് ദുബായ് ഗവ. ബ്രണ്ണന്‍ കോളേജിന് നല്‍കിയ ബസ് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. ഉന്നതിയിലെത്തുമ്പോള്‍ പഠിച്ച സ്ഥാപനത്തെ മറക്കുന്ന പ്രവണതയാണ് ഇന്ന് കാണുന്നതെന്നും പഠിച്ച സ്ഥാപനത്തിന്റെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടുള്ള ബ്രത്ത് ദുബായിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. ജ്ഞാനപീഠ പുരസ്‌കാരം നേടിയ ഒ.എന്‍.വി. പഠിപ്പിച്ചിറങ്ങിയ സ്ഥാപനമാണിത്. നിരവധി മഹാന്മാര്‍ ഇവിടെ ജോലിചെയ്തിട്ടുണ്ട്. ഇവിടെ പഠിച്ച നിരവധിപേര്‍ പ്രശസ്തരായിട്ടുണ്ട്. അത്തരം വ്യക്തികളെ ആദരിക്കേണ്ടതുണ്ട്. ഒ.എന്‍.വി.യെ ബ്രണ്ണനിലേക്ക് ക്ഷണിച്ച് ഈ നാടിന്റെ ആദരം അദ്ദേഹത്തിന് സമര്‍പ്പിക്കണം.

തലശ്ശേരി കേന്ദ്രമായുള്ള പൈതൃക ടൂറിസം പദ്ധതിയില്‍ ബ്രണ്ണന്‍ കോളേജിനെ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രിന്‍സിപ്പല്‍ ഡോ. അല്‍ഫോന്‍സ സേവ്യര്‍ താക്കോല്‍ ഏറ്റുവാങ്ങി. ബ്രത്ത് ദുബായിയുടെ പ്രസിഡന്റ് സാഹിര്‍ ഹസ്സന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.രവീന്ദ്രന്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എം.പ്രഭാകരന്‍, സജീവ് മാറോളി, സി.സജേഷ്, പ്രൊഫ. എം.കെ.ദേവദാസ്, അരയാക്കണ്ടി സന്തോഷ് എന്നിവര്‍ സംസാരിച്ചു. പൊന്ന്യം ചന്ദ്രന്‍ സ്വാഗതവും ഡോ. വേണുഗോപാല്‍ നന്ദിയും പറഞ്ഞു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ